ഉച്ചയ്ക്ക് ശേഷം പതിവു പോലെ ക്ലാസ്സില്‍ കയറിയില്ല ക്യാംപസ്സിനുള്ളിലുള്ള വാക മരത്തണലിൽ വെറുതെ കണ്ണും മിഴിച്ചു കിടന്നു.
ചേഞ്ചാപ്പിൽ മുങ്ങിയ വാകമരങ്ങൾ എന്തൊക്കെയോ പരസ്പരം പറയാതെ പറഞ്ഞു കൊണ്ടിരുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളായി എന്നെ നന്നായി അറിയാവുന്ന ഉറ്റമിത്രങ്ങളിൽ ഒരാളാണ് ഇവനും,
ഞാനോർത്തു കഴിഞ്ഞ പാര്‍ട്ടി പ്രകടനത്തിൽ എന്റെ സുഹൃത്തായ രതീഷ് പറഞ്ഞത്
"അളിയാ നീയാ വാക പൂത്ത് നിൽക്കുന്നതു കണ്ടോ, അത് നമ്മെ രക്തഹാരങ്ങൾ ചാർത്താൻ ഒരുങ്ങുകയാണ്"
പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് ഈ വാകമരത്തിന് എന്റെ മനസ്സാണെന്ന്
എന്റെയും അവളുടെയും ജീവിതത്തില്‍ ഇവന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,
ഒരു യഥാര്‍ത്ഥ സുഹൃത്തിനേപ്പോലെ
ഞങ്ങൾക്ക് തണൽ വിരിക്കുന്നതിനും അവിടെ ഞങ്ങളുടേതായ ലോകം ഒരുക്കുന്നതിനും
ഞാന്‍ കട്ടെടുത്തിരുന്ന തേൻ ചുംബനങ്ങളെ ഒരു മയാജാലക്കാരനേ പോലെ മറ്റുള്ളവരിൽ നിന്നും മറയ്ക്കുന്നതിനും എന്നും എന്ത് ഉത്സാഹമായിരുന്നു ഇവന് .
താഴെ ഗ്രണ്ടിൽ എന്റെ കൂട്ടുകാരിലാരൊക്കെയോ ക്രിക്കറ്റ് കളിക്കാന്‍ വട്ടം കൂടുന്നുണ്ടായിരുന്നു
അവരില്‍ ഒരുവന്‍ വിളിച്ചു പറഞ്ഞു
"ടാ അബ്യേ നീ ഇറങ്ങുന്നില്ലേ"
"ഇല്ല മച്ചാ നീങ്ങള് തകർക്ക് "
ഞാന്‍ പറഞ്ഞു
"ഓ !! ഓള് വരുന്നുണ്ടാവും ല്ലേ "
ആ ചോദ്യത്തിനുള്ള
മറുപടി ഞാനൊരു ചിരിയിലൊതുക്കി
ഏറെ കാത്ത് നിന്നില്ല ചെമ്പകമൂടിനരികിലൂടെ അവള്‍ പടികളിറങ്ങി വരുന്നുണ്ടായിരുന്നു എന്നെക്കണ്ടതും അവളുടെ വേഗം കൂടിയത് പോലെ തോന്നി.
എന്റെ അടുത്ത് വന്നവൾ നിന്നു
കലങ്ങിച്ചുവന്ന കണ്ണുകളില്‍ അടരാറായ രണ്ടു കണ്ണുനീര്‍ത്തുള്ളികളെ കണ്ടു
അതിന്റെ കാരണം ഞാന്‍ തിരക്കിയില്ല, ഒരിക്കല്‍ കോളേജ് മാഗസിനിൽ ഞാന്‍ എഴുതിയ "മഴതോരാ മിഴികൾ"ക്കായി ഞാൻ ഇവയെ കടം കൊണ്ടിട്ടുണ്ട്.
നിശബ്ദതയെ ഞാന്‍ ഭംഞ്ജിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവളുടെ ശബ്ദം ഒരു ചിലങ്കയുടേതെന്നപോലെ എന്റെ കാതുകളിൽ വന്നു പതിച്ചു
"നാളെയാ കല്യാണം, എനിക്ക് വയ്യ എന്നേ എങ്ങോട്ടെങ്കിലും കൊണ്ട് പോ"
ഇത് ഞാന്‍ പ്രതീക്ഷിച്ചതായതിനാൽ എനിക്ക് വലിയ ഭാവ വ്യത്യാസ ഒന്നും ഉണ്ടായില്ല,
ഈ ആപത്തിനേപ്പറ്റി ഇതിനു മുൻപും പലവട്ടം അവള്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
ഒരു മറുപടിയ്ക്കായി
എന്റെ മുഖത്തേക്കവൾ നോക്കി,
ഞാന്‍ അലക്ഷ്യമായി ഗ്രൗണ്ടിലെ ക്രിക്കറ്റ് കളി ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ഇരച്ചു കയറിയ ദേഷ്യത്തോടെ അവള്‍ പറഞ്ഞു
"ദുഷ്ടനാ നീ !!!"
തന്റെ കൈയ്യിലെ ബുക്കുകൾ എന്റെ നെഞ്ചിലേക്കെറിഞ്ഞു
അടർന്നു വീഴുന്ന മിഴിനീര്‍ത്തുള്ളികളെ കൈ കൊണ്ട് തുടച്ച് അവള്‍ പുറത്തേക്ക് ഓടി അകന്നു.
ഒരു പിൻവിളിക്കാകാത്ത വണ്ണം എന്റെ നാവുകൾ ബന്ധിക്കപ്പെട്ട പോലെ തോന്നി.
അവള്‍ എന്റെ കണ്ണില്‍ നിന്നും മറയും വരെ നിസ്സംഗമായി ഞാന്‍ നോക്കി നിന്നു