ചന്ദനത്തിരി മണക്കുന്ന പള്ളിയറയിൽ പൂജയ്ക്ക് സൂക്ഷിച്ചിരുന്ന കള്ളിൽ ഒരു കുപ്പിയ്ക്ക് മീതേ തന്റെ മേൽമുണ്ട് എടുത്തു വിരിച്ചു ഇറങ്ങും നേരം അത് പൊതിഞ്ഞെടുത്തു
തെളിഞ്ഞ പൗർണ്ണമി നിലാവിനാൽ ആ പ്രദേശം ഒട്ടാകെ കുതിർന്നിരുന്നു അയാള്‍ അമ്പലപ്പറമ്പ് വിട്ട് ചെറിയ കൈത്തോടിന് അരികിലൂടെ മുകളിലേക്ക് നടന്നു
വഴിയില്‍ തന്റെ മേൽമുണ്ടിൽ ഒളിപ്പിച്ച കുപ്പി പുറത്തെടുത്ത് അതിന്റെ അഗ്രം മൂക്കിനരികിലേക്ക് പിടിച്ചു മണത്ത ശേഷം ഉത്സാഹത്തിന്റെ നെടുവീർപ്പുതിർത്തു എന്നിട്ട് അത് ഒറ്റ ശ്വാസത്തിൽ വായിലേക്ക് കമഴ്ത്തി. ശബ്ദത്തോടെ അത് മുഴുവന്‍ കുടിച്ച് തീർത്തു പെരുവണ്ണാൻ കുപ്പി തോട്ടിലേക്ക് എറിഞ്ഞു.
അത് തെങ്ങോലത്തുമ്പിലിരുന്ന പൗർണ്ണമി കണ്ടു എന്ന് മനസ്സിലാക്കിയ പെരുവണ്ണാൻ പറഞ്ഞു
"ക്ക് കുടിക്കാന്‍ തോന്ന്യാ ഇനീം കുടിക്കും
എന്ന്വച്ച് ഇതാരേലും അറിഞ്ഞ്യാ നോക്കിക്കോ ? !!"
തോട്ടിലെ വെള്ളത്തിന്റെ തോറ്റം പാട്ടിനു ചുവടുകൾ വച്ച് പെരുവണ്ണാൻ പുഞ്ചയുടെ കരയിലുള്ള ഒരു ഓലപ്പുരയുടെ മുന്നില്‍ ചെന്ന് നിന്നു
പെരുവണ്ണാൻ വിളിച്ചു ,
"ട്യേ...."
അല്പ സമയത്തിനുള്ളിൽ ആ ഓലപ്പുരയിൽ വിളക്ക് വെട്ടം തെളിഞ്ഞു,
കൈയില്‍ പിടിച്ച മണ്ണെണ്ണ വിളക്കുമായി ഒരു സ്ത്രീ രൂപം വാതില്‍ തുറന്ന് പുറത്തു വന്നു
"ന്റെ മുത്തപ്പാ ......!!!"
അവര്‍ അറിയാതെ വിളിച്ചുപോയി
ചമയങ്ങൾ അഴിച്ചെങ്കിലും മുഖത്തെഴുത്ത് കഴുകി കളയാതിരുന്ന പെരുവണ്ണാൻ വിളക്ക് വെട്ടത്തില്‍ ഉഗ്രരൂപിയായിരുന്നു
പെരുവണ്ണാൻ ഒന്നും മിണ്ടാതെ വീടിനു അകത്തേക്ക് കയറി
സ്ത്രീ പിറകേയും
അവര്‍ പറഞ്ഞു "ങ്ങള് ഇപ്പോ തൈവമാണ് ഇത് അപരാധമാണ് "
"ഞാ തൈവമാണേൽ നെനക്ക് തൈവത്തിനെ എന്താ സൽക്കരിച്ചാ ?"
പെരുവണ്ണാൻ ചോദിച്ചു
"ന്നാലും നാളെയല്ലേ കളിയാട്ടം"
തെല്ല് അസ്വസ്ഥതയോടെ അവർ പറഞ്ഞു
"മം മനസ്സില്‍ പൂതി വച്ചോണ്ടാടിയിൽ ഞാന്‍ തൈവമാകില്ല ,
ഒഴിഞ്ഞ പറയിൽ വേണം നെല്ലളക്കാൻ "
വാഗ്വാദങ്ങൾക്ക് ഒടുവില്‍ എപ്പൊഴോ ആ ഓലപ്പുരയിലെ വിളക്കണഞ്ഞു
അണയാത്ത പൗർണ്ണമി അപ്പോഴും നിലാവ് പൊഴിക്കുന്നുണ്ടായിരുന്നു
അതിനു കീഴില്‍ ഒരു നവജാത ശിശുവിനേ പോലെ ഒരു ദേശം മുഴുവന്‍ നിഷ്കളങ്കമായി ഉറങ്ങി
No comments:
Post a Comment