Wednesday, 4 June 2014

കേൾക്കാത്ത ശബ്ദങ്ങൾ


ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് ധൃതിയിൽ തന്റെ ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് ജോസേട്ടൻ വിളിച്ചു ചോദിച്ചു
" അതേ മണി 9 ആകുന്നു നീ ഇതുവരെ ചോറുണ്ടാക്കീലേ, ഇന്നും ബസ്സ് പോകുമെന്നാ തോന്നുന്നത് "
മേഴ്സി ചേച്ചി തയ്യാറാക്കി വച്ചിരുന്ന ചോറു പൊതി കൈയില്‍ കൊടുത്തു കൊണ്ട് പറഞ്ഞു
" ചോറെപ്പോഴേ റെഡിയാ , നിങ്ങള് താമസിക്കുന്നത് എന്റെ കുറ്റമാണോ ?"
ചോറ് പൊതി തന്റെ ബാഗിലേക്ക് ഇടും മുന്നേ അദ്ദേഹം അതൊന്ന് മണത്തു നോക്കി ചോദിച്ചു
"നീയാ ഉണക്കമീൻ വറുത്തില്ലേ "
"ചമ്മന്തിയും വാഴക്കൂമ്പ് തോരനുമുണ്ട് , അത്താഴത്തിനും എന്തെങ്കിലും വേണ്ടേ"
മേഴ്സി ചേച്ചി പറഞ്ഞു
ജോസേട്ടൻ ബാഗുമായി പുറത്തിറങ്ങി
അപ്പോള്‍ അകത്ത് നിന്നും മകള്‍ ലിസ്സി വിളിച്ചു പറഞ്ഞു
"അപ്പച്ചാ വൈകീട്ട് വരുമ്പോള്‍ ഒരു ഗൃഹലക്ഷ്മി കൂടി വാങ്ങണേ "
ഈയിടെയായി ലിസ്സി എന്തെങ്കിലും പറയുമ്പോള്‍ മാത്രം ജോസേട്ടനു കേൾവിക്കുറവ് അനുഭവപ്പെടാറുണ്ട്
തന്റെ സമ്പാദ്യങ്ങൾ എല്ലാം ചേർത്തുവെച്ച് ഭംഗിയായി നടത്തിയ വിവാഹബന്ധം തകര്‍ന്ന വിഷമത്തിന്  അവള്‍ക്ക് കുറവ് വന്നിരുന്നെങ്കിലും
അദ്ദേഹം ആ ഞെട്ടലിൽ നിന്നും, ബാധ്യതയിൽ നിന്നും കര കയറിയിട്ടില്ല ഇതുവരെ .

തിരിഞ്ഞു നോക്കാതെ ജോസേട്ടൻ വേഗത്തില്‍ നടന്നു,
ഇടതുകാലിന് അല്പ്പം നീളക്കുറവുള്ളതിനാൽ വേഗത്തില്‍ നടക്കുമ്പോള്‍ ഒരു പ്രത്യേക താളമാണ്

അന്നും അയാള്‍  ബസ് സ്റ്റോപ്പിൽ എത്തും മുന്നേ ബസ്സ് വന്നിരുന്നു,

ജോസേട്ടൻ ഓടി വരുന്നത് കണ്ട് ഡ്രൈവര്‍ വണ്ടി അല്പ നേരം കൂടി നിർത്തി
ബസ്സനുള്ളിൽ
ഒരു കിതപ്പോടെ ജോസേട്ടൻ വണ്ടിയുടെ കമ്പിയിൽ പിടിച്ചു നിന്നു
" എന്റെ ജോസേട്ടാ ഒരു ദിവസമെങ്കിലും നിങ്ങള്‍ക്ക് സമയത്ത് വന്നൂടെ ?"
കണ്ടക്ടർ ചോദിച്ചു
"നീ പോടാ ഞാന്‍ സമയത്ത് തന്നെയാ നിന്റെ ആനവണ്ടിയാ ഇന്ന് നേരത്തെ "
ജോസേട്ടൻ പറഞ്ഞു
കണ്ടക്ടർ തന്റെ സീറ്റ് ജോസേട്ടനു നൽകി കൊണ്ട് പറഞ്ഞു
" ജോസേട്ടാ പോസ്റ്റൽ വകുപ്പ് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നൂന്ന് വാര്‍ത്തയുണ്ടല്ലോ "
" ടാ കുരുപ്പേ അങ്ങനെയൊന്നും എന്നെ പറഞ്ഞു വിടാനാകില്ല കൊല്ലം പത്തിരുപത്തഞ്ചായി ഞാന്‍ ഈ പണിക്കിറങ്ങിയിട്ട് "
ടിക്കറ്റ് വാങ്ങുന്നതിനിടയിൽ കണ്ടക്ടറുടെ കൈയില്‍ മുറുക്കി പിടിച്ചു ജോസേട്ടൻ ചോദിച്ചു
" നീ പറഞ്ഞത് സത്യമാണോടാ "
" ജോസേട്ടൻ വിഷമിക്കാതെ ആ വാര്‍ത്ത തെറ്റായിരിക്കും "
കണ്ടക്ടർ പറഞ്ഞു

പോസ്റ്റോഫീസ് ജംഗഷനിൽ ജോസേട്ടൻ ഇറങ്ങി ഓടിട്ട പഴയ പോസ്റ്റോഫീസ് കെട്ടിടം ലക്ഷ്യമാക്കി നീങ്ങി പ്യൂണും തൂപ്പുകാരിയുമൊഴികേ ആരും വന്ന് തുടങ്ങിയിട്ടില്ലായിരുന്നു വരാന്തയിലെ തുണിൽ കെട്ടി വച്ചിരിക്കുന്ന പോസ്റ്റ് ബോക്സ് കെട്ടിവെച്ച കമ്പികൾ അയഞ്ഞതിനാൽ അതില്‍ തൊടുമ്പോൾ ശബ്ദം കേൾക്കുമായിരുന്നു
അതിൽ തൊട്ട് ജോസേട്ടൻ ചോദിച്ചു
" എന്തിനാ നീ കരയുന്നത് വയറ് കാലിയായിട്ടാ , ജോസേട്ടൻ വയറ് നെറയെ എഴുത്ത് കൊണ്ട്വരാട്ടോ "
ജോസേട്ടൻ അന്ന് ജോലിയില്‍ കയറി കൊടുക്കാനുള്ള തപാല്‍ ഉരുപ്പടികൾ തരം തിരിച്ചു വച്ചു
ബാങ്കിന്റേയും സ്വർണ്ണപ്പണയത്തിന്റെ നോട്ടീസുകളാണധികം
ഒരു സമയത്ത് ഈ എഴുത്തുകൾക്ക് ജീവനുണ്ടായിരുന്നു എന്റെ കൈയ്യിലൂടെ ഞാന്‍ എത്തിച്ചിരുന്നത് ജീവിതങ്ങളായിരുന്നു
അന്ന് ഞാന്‍ പല കുടുംബങ്ങളിലും ഒരംഗത്തെ പോലെയായിരുന്നു
കത്ത് വായിക്കാന്‍ അറിയാത്തവർക്ക് അത് വായിച്ച് കൊടുക്കുമ്പോൾ അവര്‍ ഇട്ട് തന്നിരുന്ന കട്ടൻ ചായയ്ക്ക് പോലും ആ സ്നേഹത്തിന്റെ രുചിയുണ്ടായിരുന്നു
ഓർമ്മകളിൽ അന്തർധാനം ചെയ്ത ജോസേട്ടനേ പ്യൂൺ വന്നു വിളിച്ചു
" ജോസേട്ടാ പോസ്റ്റ് മാസ്റ്റര്‍ വിളിക്കുന്നു "
പതിവില്ലാത്ത ആ വിളി ജോസേട്ടന്റെ ഹൃദയത്തെ ഭാരമുള്ളതാക്കി അദ്ദേഹം സാവധാനം പോസ്റ്റ് മാസ്റുടെ ക്യാബിനുള്ളിൽ പ്രവേശിച്ചു
" എനിക്ക് പറയാന്‍ വിഷമമുണ്ട് താൽക്കാലിക ജീവനക്കാരെ എല്ലാം പിരിച്ചുവിടാനാണ് കമ്മീഷന്റെ തീരുമാനം ഞാന്‍ നിസ്സഹായനാണ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണം
ഇന്ന് വൈകീട്ട് സ്റ്റാഫിന്റെ വകയായി ജോസേട്ടനു സെന്റ് ഓഫുണ്ട് "
"ഒന്നും വേണ്ട എനിക്ക് ആ കടലാസ് തന്നു പറഞ്ഞു വിട്ടേക്കൂ "
" എന്നാലും ജോസേട്ടാ സെന്റ് ഓഫെങ്കിലും "
" വേണ്ടാ.. ഒന്നും വേണ്ട "
പതുക്കെയാണ് പറഞ്ഞതെങ്കിലും ആ വാക്കുകള്‍ക്ക് നല്ല ഉൾക്കരുത്തുണ്ടായിരുന്നു
പോസ്റ്റ് മാസ്റ്റര്‍ മേശ വലിപ്പിൽ നിന്നും നോട്ടീസ് എടുത്ത് നൽകി
ജോസേട്ടൻ അതും വാങ്ങി തിരിച്ച് നടന്നു മെയിന്‍ ഓഫീസില്‍ ഒതുക്കി വച്ചിരുന്ന തന്റെ ബാഗുമായി ജോസേട്ടൻ പുറത്തിറങ്ങി
തൂണിൽ കെട്ടിവച്ചിരുന്ന പോസ്റ്റ് ബോക്സിനെ സ്നേഹപൂര്‍വ്വം നോക്കി, ശേഷം തന്റെ ഷർട്ടിന്റെ പോക്കറ്റില്‍ നിന്നും പിരിച്ചുവിടൽ നോട്ടീസ് എടുത്തു അതിനുള്ളിൽ നിക്ഷേപിച്ചു കൊണ്ട് പറഞ്ഞു
"ജോസേട്ടന്റെ കൈയ്യില്‍ തരാന്‍ ഇനി ഇതേയുള്ളൂ
ഇത് കൊണ്ട് എന്റെ കുഞ്ഞ് വിശപ്പടക്ക് "
ജോസേട്ടൻ ഗേറ്റിനരികിലേക്ക് നടന്നു നീങ്ങി
പോസ്റ്റു ബോക്സിന്റെ തേങ്ങല്‍ ജോസേട്ടൻ കേട്ടില്ല

Thursday, 22 May 2014

വെറുതെ




ഉച്ചയ്ക്ക് ശേഷം പതിവു പോലെ ക്ലാസ്സില്‍ കയറിയില്ല ക്യാംപസ്സിനുള്ളിലുള്ള വാക മരത്തണലിൽ വെറുതെ കണ്ണും മിഴിച്ചു കിടന്നു.
ചേഞ്ചാപ്പിൽ മുങ്ങിയ വാകമരങ്ങൾ എന്തൊക്കെയോ പരസ്പരം പറയാതെ പറഞ്ഞു കൊണ്ടിരുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളായി എന്നെ നന്നായി അറിയാവുന്ന ഉറ്റമിത്രങ്ങളിൽ ഒരാളാണ് ഇവനും,

ഞാനോർത്തു കഴിഞ്ഞ പാര്‍ട്ടി പ്രകടനത്തിൽ എന്റെ സുഹൃത്തായ രതീഷ് പറഞ്ഞത്‌
"അളിയാ നീയാ വാക പൂത്ത് നിൽക്കുന്നതു കണ്ടോ, അത് നമ്മെ രക്തഹാരങ്ങൾ ചാർത്താൻ ഒരുങ്ങുകയാണ്"

പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് ഈ വാകമരത്തിന് എന്റെ മനസ്സാണെന്ന്
എന്റെയും അവളുടെയും ജീവിതത്തില്‍ ഇവന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,
ഒരു യഥാര്‍ത്ഥ സുഹൃത്തിനേപ്പോലെ
ഞങ്ങൾക്ക് തണൽ വിരിക്കുന്നതിനും അവിടെ ഞങ്ങളുടേതായ ലോകം ഒരുക്കുന്നതിനും
ഞാന്‍ കട്ടെടുത്തിരുന്ന തേൻ ചുംബനങ്ങളെ ഒരു മയാജാലക്കാരനേ പോലെ മറ്റുള്ളവരിൽ നിന്നും മറയ്ക്കുന്നതിനും എന്നും എന്ത് ഉത്സാഹമായിരുന്നു ഇവന് .

താഴെ ഗ്രണ്ടിൽ എന്റെ കൂട്ടുകാരിലാരൊക്കെയോ ക്രിക്കറ്റ് കളിക്കാന്‍ വട്ടം കൂടുന്നുണ്ടായിരുന്നു
അവരില്‍ ഒരുവന്‍ വിളിച്ചു പറഞ്ഞു
"ടാ അബ്യേ നീ ഇറങ്ങുന്നില്ലേ"
"ഇല്ല മച്ചാ നീങ്ങള് തകർക്ക് "
ഞാന്‍ പറഞ്ഞു
"ഓ !! ഓള് വരുന്നുണ്ടാവും ല്ലേ "
ആ ചോദ്യത്തിനുള്ള
മറുപടി ഞാനൊരു ചിരിയിലൊതുക്കി
ഏറെ കാത്ത് നിന്നില്ല ചെമ്പകമൂടിനരികിലൂടെ അവള്‍ പടികളിറങ്ങി വരുന്നുണ്ടായിരുന്നു എന്നെക്കണ്ടതും അവളുടെ വേഗം കൂടിയത് പോലെ തോന്നി.
എന്റെ അടുത്ത് വന്നവൾ നിന്നു
കലങ്ങിച്ചുവന്ന കണ്ണുകളില്‍ അടരാറായ രണ്ടു കണ്ണുനീര്‍ത്തുള്ളികളെ കണ്ടു
അതിന്റെ കാരണം ഞാന്‍ തിരക്കിയില്ല, ഒരിക്കല്‍ കോളേജ് മാഗസിനിൽ ഞാന്‍ എഴുതിയ "മഴതോരാ മിഴികൾ"ക്കായി ഞാൻ ഇവയെ‍ കടം കൊണ്ടിട്ടുണ്ട്.
നിശബ്ദതയെ ഞാന്‍ ഭംഞ്ജിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവളുടെ ശബ്ദം ഒരു ചിലങ്കയുടേതെന്നപോലെ എന്റെ കാതുകളിൽ വന്നു പതിച്ചു
"നാളെയാ കല്യാണം, എനിക്ക് വയ്യ എന്നേ എങ്ങോട്ടെങ്കിലും കൊണ്ട് പോ"
ഇത് ഞാന്‍ പ്രതീക്ഷിച്ചതായതിനാൽ എനിക്ക് വലിയ ഭാവ വ്യത്യാസ ഒന്നും ഉണ്ടായില്ല,
ഈ ആപത്തിനേപ്പറ്റി ഇതിനു മുൻപും പലവട്ടം അവള്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
ഒരു മറുപടിയ്ക്കായി
എന്റെ മുഖത്തേക്കവൾ നോക്കി,
ഞാന്‍ അലക്ഷ്യമായി ഗ്രൗണ്ടിലെ ക്രിക്കറ്റ്‌ കളി ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഇരച്ചു കയറിയ ദേഷ്യത്തോടെ അവള്‍ പറഞ്ഞു
"ദുഷ്ടനാ നീ !!!"
തന്റെ കൈയ്യിലെ ബുക്കുകൾ എന്റെ നെഞ്ചിലേക്കെറിഞ്ഞു
അടർന്നു വീഴുന്ന മിഴിനീര്‍ത്തുള്ളികളെ കൈ കൊണ്ട് തുടച്ച് അവള്‍ പുറത്തേക്ക് ഓടി അകന്നു.
ഒരു പിൻവിളിക്കാകാത്ത വണ്ണം എന്റെ നാവുകൾ ബന്ധിക്കപ്പെട്ട പോലെ തോന്നി.
അവള്‍ എന്റെ കണ്ണില്‍ നിന്നും മറയും വരെ നിസ്സംഗമായി ഞാന്‍ നോക്കി നിന്നു

തേവിടിശ്ശി ദൈവം



വെള്ളാട്ടം കഴിഞ്ഞ് പെരുവണ്ണാൻ ചമയങ്ങൾ അഴിച്ചു.
ചന്ദനത്തിരി മണക്കുന്ന പള്ളിയറയിൽ പൂജയ്ക്ക് സൂക്ഷിച്ചിരുന്ന കള്ളിൽ ഒരു കുപ്പിയ്ക്ക് മീതേ തന്റെ മേൽമുണ്ട് എടുത്തു വിരിച്ചു ഇറങ്ങും നേരം അത് പൊതിഞ്ഞെടുത്തു

തെളിഞ്ഞ പൗർണ്ണമി നിലാവിനാൽ ആ പ്രദേശം ഒട്ടാകെ കുതിർന്നിരുന്നു അയാള്‍ അമ്പലപ്പറമ്പ് വിട്ട് ചെറിയ കൈത്തോടിന് അരികിലൂടെ മുകളിലേക്ക് നടന്നു
വഴിയില്‍ തന്റെ മേൽമുണ്ടിൽ ഒളിപ്പിച്ച കുപ്പി പുറത്തെടുത്ത് അതിന്റെ അഗ്രം മൂക്കിനരികിലേക്ക് പിടിച്ചു മണത്ത ശേഷം ഉത്സാഹത്തിന്റെ നെടുവീർപ്പുതിർത്തു എന്നിട്ട് അത് ഒറ്റ ശ്വാസത്തിൽ വായിലേക്ക് കമഴ്ത്തി. ശബ്ദത്തോടെ അത് മുഴുവന്‍ കുടിച്ച് തീർത്തു പെരുവണ്ണാൻ കുപ്പി തോട്ടിലേക്ക് എറിഞ്ഞു.
അത് തെങ്ങോലത്തുമ്പിലിരുന്ന പൗർണ്ണമി കണ്ടു എന്ന് മനസ്സിലാക്കിയ പെരുവണ്ണാൻ പറഞ്ഞു
"ക്ക് കുടിക്കാന്‍ തോന്ന്യാ ഇനീം കുടിക്കും
എന്ന്വച്ച് ഇതാരേലും അറിഞ്ഞ്യാ നോക്കിക്കോ ? !!"
തോട്ടിലെ വെള്ളത്തിന്റെ തോറ്റം പാട്ടിനു ചുവടുകൾ വച്ച് പെരുവണ്ണാൻ പുഞ്ചയുടെ കരയിലുള്ള ഒരു ഓലപ്പുരയുടെ മുന്നില്‍ ചെന്ന് നിന്നു
പെരുവണ്ണാൻ വിളിച്ചു ,
"ട്യേ...."
അല്പ സമയത്തിനുള്ളിൽ ആ ഓലപ്പുരയിൽ വിളക്ക് വെട്ടം തെളിഞ്ഞു,
കൈയില്‍ പിടിച്ച മണ്ണെണ്ണ വിളക്കുമായി ഒരു സ്ത്രീ രൂപം വാതില്‍ തുറന്ന് പുറത്തു വന്നു
"ന്റെ മുത്തപ്പാ ......!!!"
അവര്‍ അറിയാതെ വിളിച്ചുപോയി
ചമയങ്ങൾ അഴിച്ചെങ്കിലും മുഖത്തെഴുത്ത് കഴുകി കളയാതിരുന്ന പെരുവണ്ണാൻ വിളക്ക് വെട്ടത്തില്‍ ഉഗ്രരൂപിയായിരുന്നു
പെരുവണ്ണാൻ ഒന്നും മിണ്ടാതെ വീടിനു അകത്തേക്ക് കയറി
സ്ത്രീ പിറകേയും
അവര്‍ പറഞ്ഞു "ങ്ങള് ഇപ്പോ തൈവമാണ് ഇത് അപരാധമാണ് "
"ഞാ തൈവമാണേൽ നെനക്ക് തൈവത്തിനെ എന്താ സൽക്കരിച്ചാ ?"
പെരുവണ്ണാൻ ചോദിച്ചു
"ന്നാലും നാളെയല്ലേ കളിയാട്ടം"
തെല്ല് അസ്വസ്ഥതയോടെ അവർ പറഞ്ഞു
"മം മനസ്സില്‍ പൂതി വച്ചോണ്ടാടിയിൽ ഞാന്‍ തൈവമാകില്ല ,
ഒഴിഞ്ഞ പറയിൽ വേണം നെല്ലളക്കാൻ "
വാഗ്വാദങ്ങൾക്ക് ഒടുവില്‍ എപ്പൊഴോ ആ ഓലപ്പുരയിലെ വിളക്കണഞ്ഞു
അണയാത്ത പൗർണ്ണമി അപ്പോഴും നിലാവ് പൊഴിക്കുന്നുണ്ടായിരുന്നു
അതിനു കീഴില്‍ ഒരു നവജാത ശിശുവിനേ പോലെ ഒരു ദേശം മുഴുവന്‍ നിഷ്കളങ്കമായി ഉറങ്ങി

മരപ്പാവ



ഇരയെ വിഴുങ്ങിയ മലമ്പാമ്പിനേപ്പോലെ കേരളാ എക്സ്പ്രസ്സ് അതിന്റെ പാളങ്ങളിൽ നീങ്ങുകയായിരുന്നു.
അല്ലെങ്കിലും അവസാന സ്റ്റേഷന്‍ അടുക്കാറാകുമ്പോൾ ഇറങ്ങി നടക്കുന്നതാണ് ഭേദം എന്ന് തോന്നാറുണ്ട്
മൂന്നര വയസ്സുള്ള എന്റെ മകന്‍ കഴിഞ്ഞ രണ്ട് ദിവസത്തെ യാത്രയില്‍ അവന്‍ ഉണ്ടാക്കിയ സൗഹൃദങ്ങളുടെ ഇടയിലൂടെ ഒരു കീ കൊടുത്ത പാവ കണക്കേ കുസൃതികൾ കാട്ടി നടക്കുന്നുണ്ടായിരുന്നു.
അവനെ വീണ്ടും പിടിച്ചു കൊണ്ടു വന്ന് അരികിലിരുത്തി എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവള്‍ തുടങ്ങി
"നിങ്ങൾക്കൊന്ന് ശ്രദ്ധിച്ചൂടെ ഇവനേ?"
"അവനൊരു പുരുഷനല്ലേ അനാവശ്യമായി അവന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തരുത് "
ഞാന്‍ പറഞ്ഞു
" വന്നു വന്നു എന്റെയും മോന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു ശ്രദ്ധയുമില്ല, എന്തെങ്കിലും ചോദിച്ചാല്‍ ഓരോ മുടന്തൻ ന്യായങ്ങൾ"
അവള്‍ പിറുപിറുത്തു
ഞാന്‍ കാലത്ത് വാങ്ങിയ പത്രത്താളുകളിലേക്ക് ഊളിയിട്ട്
ഒരു യോദ്ധാവ് പരിച കൊണ്ട്
തന്റെ നേർക്കു വരുന്ന ആക്രമണങ്ങളെ നേരിടും പോലെ അവയെ നേരിട്ടു
അവള്‍ ബാത്റൂമിന്റെ ദുർഗന്ധത്തേപ്പറ്റിയും ട്രെയിന്റെ മെല്ലെപ്പോക്കിനെപ്പറ്റിയും തന്റെ ആവലാതികളുടെ കെട്ടുകൾ അഴിച്ചു കൊണ്ടേയിരുന്നു
അപ്പോള്‍ ബാത്റൂം സൈഡില്‍ കാഴ്ചയില്‍ രാജസ്ഥാനിയെന്നു തോന്നിപ്പിക്കുന്ന ഒരു ചെമ്പൻ മീശക്കാരൻ വൃദ്ധൻ തന്റെ പരമ്പരാഗതമായ തലേക്കെട്ടും ഭാണ്ഡവുമായി വന്നിരുന്നു.
അയാളെ നോക്കി അവന്‍ എന്നോട് ചോദിച്ചു
"അച്ഛന്റെ മീശ കറുത്തതല്ലേ ആ അങ്കിളിന്റെ എന്താ ചുവന്നിരിക്കുന്നത്" ?
"അത് അവിടെ നമ്മുടെ നാട്ടിലേക്കാൾ ചൂട് അടിക്കുന്നത് കൊണ്ടാണ് "
എന്റെ മറുപടി തൃപ്തികരമല്ലാത്തതിനാലാകാം അവന്‍ എന്റെ അടുത്ത് നിന്നും ഇറങ്ങി അയാളുടെ അടുത്ത് ചെന്നത് ,

എന്നോട് ചോദിച്ച ചോദ്യം അയാളുടെ ചെമ്പൻ മീശയിൽ പിടിച്ചു കൊണ്ട് അവന്‍ ആവർത്തിച്ചു
അവന്‍ സംസാരിച്ച ഭാഷ അയാള്‍ക്ക് മനസ്സിലായില്ലെങ്കിലും
അയാള്‍ തന്റെ വെറ്റിലപല്ലുകൾ അനാവൃതമാക്കി ഹൃദ്യമായി പുഞ്ചിരിച്ചു അപ്പോള്‍ തിളക്കമുള്ള അയാളുടെ കണ്ണുകള്‍ ഒന്നു കൂടി ചെറുതായി
അവനും പൊട്ടിച്ചിരിച്ചു,

ഇത് കണ്ട അവള്‍ പോയി അവനെ അവിടെ നിന്നും പിടിച്ചു കൊണ്ടു വന്നു അടുത്തിരുത്തിക്കൊണ്ട് പറഞ്ഞു
"വൃത്തിയില്ലാത്ത ജന്മങ്ങളാണവർ അവരോട് പോയി കളിച്ചാൽ അസുഖങ്ങള്‍ പിടിക്കും, ഇനി അങ്ങോട്ട് പോയാല്‍ നിന്നെ ഞാന്‍ ശരിയാക്കും"
അവന്‍ ഞങ്ങള്‍ക്കിടയിൽ മുഖം വീർപ്പിച്ചിരുന്നു

"ഇനി രണ്ട് സ്റ്റോപ്പ് കഴിഞ്ഞാല്‍ ഡൽഹിയെത്തി "
കൂടെ യാത്രചെയ്തുകൊണ്ടിരുന്ന മനുഷ്യന്‍ ഞങ്ങളെ ഓർമ്മിപ്പിച്ചു
ഇത് കേട്ടതും അവള്‍ രണ്ടു ദിവസമായി സീറ്റിനടിയിൽ തടവിലാക്കിയ ലഗേജുകളേ മോചിപ്പിച്ചു
"അയ്യോ ഇത് കണ്ടോ ?"
അവള്‍ ദയനീയമായി ചോദിച്ചു
അച്ചാർ ലീക്കായതാണ് ,
അവള്‍ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുന്നേ ഞാന്‍ പറഞ്ഞു
"സാരമില്ല അവിടെ ചെല്ലട്ടെ പുതിയത് വാങ്ങാം"
,എവിടെ കേൾക്കാൻ അവള്‍ തുടങ്ങി
"അച്ചാർ എനിക്ക് ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടാണോ ?
അമ്മയോട് അന്നേരം തന്നെ ഞാന്‍ പറഞ്ഞതല്ലേ....
നിങ്ങള് കാരണമാണ് ..."
ഈ കോലാഹലം മുതലെടുത്ത് കൊണ്ട് അവന്‍ തന്നെ പുതിയ ചങ്ങാതിയുമായി പുഞ്ചിരിയുടെ ഭാഷയിൽ സംസാരം തുടര്‍ന്നു
അയാള്‍ തന്റെ ഭാണ്ഡത്തിനുള്ളിൽ നിന്നും ഒരു മരപ്പാവ പുറത്തെടുത്ത് പുഞ്ചിരിയോടെ അവന് നേർക്കു നീട്ടി അവന്‍ ആഹ്ലദത്തോടെ അത് കൈക്കലാക്കി .
അയാള്‍ ഒരു പാവകളിക്കാരൻ ആയിരിക്കണം മനോരമായി നിർമ്മിച്ചെടുത്ത തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ച അത് ഒരു സുന്ദരിപ്പാവയായിരുന്നു.

അവന്‍ അതുമായി ഒരു ജേതാവിനേപ്പോലെ എന്റരികിൽ വന്നു,
ഞാന്‍ അത് വാങ്ങി അതിന്റെ മനോഹാരിത ആസ്വദിച്ചു
"ഞാൻ നിന്നോട് പറഞ്ഞതല്ലേ അയാളുടെ അടുത്ത് പോകരുതെന്ന് ഹും ഒരു ഉണക്കപ്പാവ!!"
അവള്‍ എന്റെ കൈയില്‍ നിന്നും അത് വാങ്ങി
ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു
ഇത് കണ്ട അവന്റെ കരച്ചില്‍ ട്രെയിനിനുള്ളിൽ ഉയരുമ്പോൾ എന്റെ കണ്ണുകള്‍ ട്രാക്കിൽ വീണു കിടക്കുന്ന സുന്ദരിപ്പാവയെ തിരയുകയായിരുന്നു
ഡൽഹിയിൽ ഇറങ്ങിയ ശേഷം പുതിയ ബാർബി ഡോൾ വാങ്ങി നൽകാമെന്ന അവളുടെ ഉറപ്പിൽ അവന്‍ കരച്ചില്‍ നിർത്തുമ്പോൾ
പറ്റില്ല !!! എനിക്ക് അത് തന്നെ കിട്ടണമെന്ന് വാശി പിടിക്കുകയായിരുന്നു എന്റെ മനസ്സ്